നൂറോളം കുടുംബങ്ങൾക്ക് ദുരിതയാത്ര: പുല്ലാട്ടുപടി പാലം പുനർനിർമിച്ചില്ല

ഉപ്പുതറ : പ്രളയത്തിൽ തകർന്നപാലം പുനർനിർമിക്കാൻ അധികൃതർ തയാറാകാത്തതിനാൽ പുല്ലാട്ടുപടി, കാവക്കുളം പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ദുരിതയാത്രക്ക് ഇനിയും അറുതിയായില്ല. വാഗ്ദാനങ്ങൾ എല്ലാം പാഴ്‌വാക്കായതോടെ പാഴ്തടികൾ ഉപയോഗിച്ച് നിർമിച്ച നടപ്പാലമാണ് നാട്ടുകാരുടെ ആശ്രയം.

2018-ലെ പ്രളയത്തിലാണ് കൊച്ചുകരിന്തരുവി-കാവക്കുളം-പാതയിലെ പുല്ലാട്ടുപടി പാലം തകർന്നത്. 2018-ൽ ഒരുഭാഗം മാത്രമാണ് തകർന്നത്. തുടർന്നു രണ്ടുവർഷവും ഉണ്ടായ ശക്തമായ മഴയിൽ പുഴയുടെ ഇരു വശങ്ങളിലേയും മണ്ണ് ഒലിച്ചുപോയതോടെ പാലം പൂർണമായും പുഴയിലേക്ക് വീണു. ഇതോടെ ഇവിടേയ്ക്കു വാഹനങ്ങൾ എത്താതെയായി.

വർഷകാലത്ത് കാൽനടയായി പുഴ കടക്കാൻ കഴിയാത്ത സ്ഥിതിയായി. പാലം നിർമിക്കണം എന്നാവശ്യപ്പെട്ട് എല്ലാ അധികാര സ്ഥാനങ്ങളിലും നിവേദനം നൽകി. സമരം ചെയ്തു. ഒടുവിൽ പാലം പുനർമിർമിക്കാൻ 2022-23 വർഷത്തെ ആസ്ഥി വികസന ഫണ്ടിൽനിന്നും എം.എൽ.എ. 38 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പുണ്ടായി. ഫണ്ട് അനുവദിച്ച വാഴൂർ സോമൻ എം.എൽ.എ.യ്ക്ക് അഭിവാദ്യം അർപ്പിച്ച് ചിത്രമുള്ള െഫ്ളക്‌സ് ബോർഡും സ്ഥാപിച്ചു. എന്നാൽ, തുടർ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ഇതു നീക്കംചെയ്തു.

അതിനിടെ നാട്ടുകാർ തന്നെ പാഴ്തടികൾ ഉപയോഗിച്ച് താത്കാലിക നടപ്പാലം നിർമിച്ചു. സ്‌കൂൾ കുട്ടികളും, പ്രായമായവരും അടക്കമുളളവർ ജീവൻ പണയംെവച്ചാണ് ഇതിലൂടെ പുഴ മുറിച്ചുകടക്കുന്നത്. തോട്ടം തൊഴിലാളികളും, കൂലിപ്പണിക്കാരും, ചെറുകിട കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. കുട്ടികളെ സ്‌കൂളിൽ വിടാനും, പണിക്കു പോകാനുമുളള യാത്രാ സൗകര്യം ഇല്ലാതായതോടെ കുറേപ്പേർ അവിടെനിന്നും മറ്റിടങ്ങളിലേക്ക് വാടകയ്ക്ക് മാറി താമസിക്കുകയാണ്. ഇതിനുമാർഗമില്ലാത്തവർ ദുരിതംപേറി കഴിഞ്ഞുകൂട്ടുകയാണ്. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് പാചകവാതക സിലിൻഡർ ഉൾപ്പെടെയുളള അവശ്യസാധനങ്ങൾ ഇവർ വീട്ടിലെത്തിക്കുന്നത്.

 

Leave A Reply