ആനക്കോട്ടപ്പാറ റോഡ് അപകടത്തിൽ

മറയൂർ : ലോറി മറിഞ്ഞ് തകർന്ന ആനക്കോട്ടപ്പാറ ഭാഗത്തെ റോഡിന്റെ സംരക്ഷണഭിത്തി പുതുക്കി പണിയാൻ നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്. കാന്തല്ലൂർ പഞ്ചായത്ത് അധികൃതരും മറയൂർ പോലീസും റോഡിന്റെ അപകടവസ്ഥ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല.

കഴിഞ്ഞ ഫെബ്രുവരി 12-നാണ് ഇവിടെ ലോറി മറിഞ്ഞത്. മറയൂരിൽനിന്ന്‌ കാന്തല്ലൂരിലേക്ക് പോകാൻ കഴിയുന്ന ഏകപാതയാണിത്. കനത്തമഴ തുടരുന്നതിനാൽ സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗം കൂടി തകർന്നുവീഴാൻ സാധ്യതയുണ്ട്. കോവിൽക്കടവ് പത്തടിപ്പാലംമുതൽ ആലിൻചുവടുവരെയുള്ള രണ്ടു കിലോമീറ്റർ റോഡ് പൂർണമായും പാറയിലാണ് സ്ഥിതിചെയ്യുന്നത്. കുത്തനെ കയറ്റമുള്ള ഈ റോഡിൽനാല് ഹെയർപിൻ വളവുകളാണുള്ളത്.റോഡിന്റെ ഒരുവശത്ത് സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഒരു ഭാഗത്ത് തകർന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി പുതുക്കി പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply