തലചായ്ക്കാൻ ഒറ്റമുറി കുടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ;അതും ഇപ്പോൾ ചാരമായി

രാജക്കാട് : ചേരിയാറിൽ നാലംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡ് കത്തിനശിച്ചു. കൂലിപ്പണിക്കാരായ ഭൈരവൻ, ഭാര്യ പെരിയ തായി, മക്കളായ മണികണ്ഠൻ, കാളീശ്വരി എന്നിവർ താമസിച്ചിരുന്ന ഒറ്റമുറി കുടിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പൂർണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തിയമർന്നു.

ശാന്തൻപാറ ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ കാളീശ്വരിയുടെ പുസ്തകങ്ങളും നഷ്ടപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ ടി.വി കാണാൻ പോയപ്പോഴാണ് വീടിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണോ, അടുപ്പിലെ കനലിൽനിന്ന് തീ പടർന്നതാണോ എന്ന കാര്യത്തിൽ ഇവർക്ക് വ്യക്തതയില്ല.സ്വന്തമായി ഭൂമിയില്ലാത്ത ഇവർക്ക് വിദേശത്തുള്ള സ്വകാര്യവ്യക്തി സൗജന്യമായി വിട്ടുനൽകിയ നാലുസെന്റ് ഭൂമിയിൽ നിർമിച്ച കുടിലാണ് കത്തിയമർന്നത്. നേരത്തേ ഇവർക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട് നിർമിക്കാനായില്ല. ഇപ്പോൾ താമസിക്കുന്ന നാലുസെന്റ് ഭൂമിയുടെ ഉടമസ്ഥൻ മൂന്നുമാസത്തിനുശേഷം വിദേശത്തുനിന്ന് വരുമ്പോൾ ഇവർക്ക് എഴുതി നൽകാമെന്ന് അറിയിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അതിനുശേഷം ഇവിടെ വീട് നിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നിർധന കുടുംബം. തത്‌കാലം ഒരു ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണിവർ.

 

Leave A Reply