കുര്യനാട് : നീണ്ടയാത്രയുടെ ഇടയിൽ അൽപം വിശ്രമിക്കാൻ ലക്ഷ്യമിട്ടാണ് വഴിയിടങ്ങൾ നിർമിക്കുന്നത്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് എം.സി. റോഡരുകിൽ നിർമിച്ച വഴിയിടം ഉദ്ഘാടനം കഴിഞ്ഞിട്ടും നീണ്ട വിശ്രമത്തിലാണ്. പശ്ചാത്തലസൗകര്യം ഒരുക്കാതെ ഉദ്ഘാടനം നടത്തുകയായിരുന്നു. ഇനിയും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതാണ് പ്രവർത്തനം വൈകുന്നതിന് പിന്നിൽ. ഉപയോഗിക്കാതെ കിടക്കുന്ന വഴിയിടം ഇപ്പോൾ തെരുവ് നായയുടെ വിശ്രമകേന്ദ്രമാണ്. വഴിയിടത്തിലേക്ക് നിർമിച്ച നടപ്പാതയിലെ കട്ടകൾ തകർന്ന് തുടങ്ങി.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് എം.സി. റോഡരികിൽ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്ത് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രവും ഉദ്യാനവും കുട്ടികളുടെ പാർക്കും നിർമിക്കാൻ തുടങ്ങിയത്. ഉദ്ഘാടനം ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. വഴിയിടം കാട് കയറിയ നിലയിലാണിപ്പോൾ. കുഴൽ കിണർ അടുത്ത നാളിൽ കുത്തി. കുടിവെള്ള വിതരണ സംവിധാനം ആയിട്ടില്ല. കുടുംബശ്രീക്കാർക്ക് കഫേ തുടങ്ങാൻ സൗകര്യം ചെയ്തട്ടില്ല.വഴിയാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളുമായി വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതാണ് വഴിയിടം പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന രീതിയിൽ ശുചിമുറി സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. നടത്തിപ്പു ചുമതല കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക്. ചില സ്ഥലങ്ങളിൽ ശുചിമുറി സംവിധാനത്തിനൊപ്പം ലഘുഭക്ഷണശാല, പൂന്തോട്ടം തുടങ്ങിയവയും ഒരുക്കും.