നാട്ടുകാരെ വലച്ച് ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

എഴുകോൺ : മഴയാരംഭിച്ചതോടെ കുഴിമതിക്കാട് 18-ാം വാർഡ് സായിപ്പുമുക്കു ഭാഗത്ത്‌ ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞു. 2021 മുതൽ ഈ മേഖലയിൽ മഴക്കാലമാകുമ്പോൾ ആഫ്രിക്കൻ ഒച്ചുകളുണ്ട്. ഇത്തവണയാണ് ഇത്രയും രൂക്ഷമായത്. കഴിഞ്ഞകാലങ്ങളെക്കാൾ വലുപ്പമേറിയവയാണ് ഇപ്പോൾ കാണപ്പെടുന്നത്. സായിപ്പുമുക്കിനു പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി രൂക്ഷം. പ്രദേശത്തെ വീടുകളിലും അടുക്കളയിലുമൊക്കെ ഇവയുണ്ട്. വീടിന്റെ മതിലുകളിലും ഭിത്തിയിലുമെല്ലാം കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുകയാണ്. കിണറുകളും ജലസ്രോതസ്സുകളുമെല്ലാം മലിനമാകുന്നു. പലർക്കും ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. തെങ്ങുമുതൽ പാഴ്മരങ്ങളിൽവരെ ഇവയുടെ സാന്നിധ്യമുണ്ട്. പറമ്പിൽ നിൽക്കുന്ന പാഴ്‌ച്ചെടികളിൽവരെ നൂറു കണക്കിന് ഒച്ചുകളാണ് കൂടിച്ചേർന്നിരിക്കുന്നത്. വാഴകളും മറ്റും ഇവ ഭക്ഷണമാക്കുകയാണ്. വീട്ടുമുറ്റത്തെ അലങ്കാരച്ചെടികളിൽ ഒന്നിനും ഇലകളില്ല.

വീട്ടുമുറ്റത്തു നിൽക്കുന്ന കറിവേപ്പിലപോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ ഒച്ചുകളുടെ മേൽ ഉപ്പു വിതറി കൊല്ലുകയാണ് നാട്ടുകാർ ചെയ്യുന്നത്. ചത്ത ഒച്ചുകൾക്ക് ദിവസങ്ങൾ കഴിയുമ്പോൾ ദുർഗന്ധവും അനുഭവപ്പെടുന്നു. പലതവണ പരാതി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ശാസ്ത്രീയമായി ഇവയെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave A Reply