തെരുവുനായ നിയന്ത്രണം: കോട്ടയം ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സജ്ജമാക്കുന്നു

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് കോട്ടയം ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള നൂതന പദ്ധതികൾ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി നിലവിൽ കോടിമതയിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) സെന്റർ പ്രവർത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എ.ബി.സി. സെന്ററിന്റെ ഗുണഭോക്താക്കൾ.

ജില്ലയിലെ എല്ലാ ബ്‌ളോക്കുകളിലും അല്ലെങ്കിൽ ബ്‌ളോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്‌ളോക്കുകൾ പദ്ധതി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും നേതൃത്വം നൽകിയ യോഗം നിർദേശിച്ചു.

മൂന്നുതരത്തിലുള്ള എ.ബി.സി. പദ്ധതികളിൽ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്‌ളോക്ക് പഞ്ചായത്തുകളോടു നിർദേശിച്ചിട്ടുള്ളത്. മെഗാ എ.ബി.സി. സെന്റർ, മിനി എ.ബി.സി. സെന്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്‌ളോക്കുകളിൽ നടപ്പാക്കണമെന്നാണ് നിർദേശം.

മിനി എ.ബി.സി. സെന്ററിനായി 30 സെന്റ് സ്ഥലം വേണം. ഒരുദിവസം 5-8 നായ്ക്കളെ വന്ധ്യംകരിക്കാനാവും. ഇത് പ്രീഫാബ്രിക്കേഷൻ രീതിയിൽ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. മെഗാ എ.ബി.സി. സെന്ററിൽ ഒരുദിവസം 40 നായ്ക്കളെ വന്ധ്യംകരിക്കാനാകും. സെന്റർ സ്ഥാപിക്കുന്നതിന് ഒരേക്കർസ്ഥലം വേണ്ടിവരും. 1.2 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. വന്ധ്യംകരണത്തിനുശേഷം നായ്ക്കളെ പരിപാലിക്കുന്നതിനുള്ള പോസ്റ്റ് ഓപ്പറേറ്റീവ് കൂടുകൾ വാഹനവുമായി ഘടിപ്പിക്കാൻ സാധിക്കുന്നതും അല്ലാത്തവയും ഉണ്ട്. ഇതിന് വാഹനം അടക്കം 35 ലക്ഷം രൂപയും വാഹനമില്ലാതെ 18 ലക്ഷം രൂപയും ആണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം നായകൾക്ക് വിദഗ്ധരെ ഉപയോഗിച്ച് പരിശീലനം നൽകാനും അവയെ പൊതുജനങ്ങൾക്കു ദത്തെടുക്കാനാകുന്ന രീതിയിൽ മാറ്റിയെടുക്കാനും ലക്ഷ്യമിടുന്നുണ്ട്.

Leave A Reply