നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ചു; ‘മായാവിയെ’ പൊക്കി പോലീസ്

തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച ബസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന ‘മായാവി’ ബസ് ആണ് തൃശൂര്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു.

നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു ലഭിച്ച പരാതി. പരാതിയെ തുടർന്ന് ബസ് സ്റ്റേഷനിലെത്തിക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സൈറ്റിന്റെ ദൃശ്യങ്ങള്‍ ഇളക്കിമാറ്റി ബസ് ജീവനക്കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയി മൊഴി. പോലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply