ഇന്ത്യക്കാരനായ കാമുകന്‍റെ ജീവിതചര്യകളും ശീലമാക്കി പാക് വനിത; തിരിച്ചില്ലെന്ന് മക്കളും

ഗ്രേറ്റര്‍ നോയിഡ: ഇന്ത്യയുടെ സംസ്കാരത്തെ പൂര്‍ണ ഹൃദയത്തോടെ ഉള്‍ക്കൊള്ളുന്നതായി ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ പബ്ജിയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ തേടി മക്കളുമായി ഇന്ത്യയിലെത്തിയ പാക് വനിത. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിനെ തേടിയാണ് നാല് മക്കളെയും കൂട്ടി പാക് വനിത സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. 2019ലാണ് പബ്ജി ഗെയിമിനിടെയുള്ള പ്രണയ കഥ ആരംഭിച്ചത്. കാമുകനൊപ്പം ജീവിക്കാനായി നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ സച്ചിനൊപ്പം ജീവിതം ആരംഭിച്ചിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ റാബുപുരയിലെ വാടക വീട്ടില്‍ നിന്ന് ജൂലൈ നാലിനാണ് സീമ ഹൈദറിനെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ രേഖകള്‍  കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. തന്‍റെ വിശ്വാസ രീതികള്‍ പൂര്‍ണമായി ഹിന്ദു രീതികളിലേക്ക് മാറിയെന്നാണ് സീമ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.  മുതിര്‍ന്നവരുടെ കാല് തൊട്ട് വന്ദിക്കുന്നതും, കൈകള്‍ കൂപ്പി അഭിസംബോധന ചെയ്യുന്നതും  സസ്യാഹാര രീതിയിലേക്കും ജീവിതം മാറിയെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് സീമ വിശദമാക്കുന്നത്. സച്ചിനും വീട്ടുകാരും വെളുത്തുള്ളി കഴിക്കാത്തത് മൂലം അതും ഭക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും സീമ പറയുന്നു. പാകിസ്താനിലേക്ക് തിരിച്ച് പോകില്ലെന്നും പോകേണ്ടി വന്നാല്‍ ജീവന്‍ നഷ്ടമായേക്കുമെന്നുമാണ് സീമ പ്രതികരിക്കുന്നത്. സീമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കള്‍ക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരണം.

Leave A Reply