പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കും; മന്ത്രി ചിഞ്ചു റാണി

പത്തനംതിട്ട: പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ഡയറിയില്‍ മില്‍മ നെയ്യ് കയറ്റുമതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടുകൂടി മുന്നോട്ട് പോകുകയാണ്. ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ ഉല്‍പാദിപ്പിക്കപെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിലൂടെ കേരളം കണി കണ്ടുണരുന്ന നന്മ ഇനി വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും അതിലൂടെ കേരളത്തിന് വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മില്‍മ തിരുവനന്തപുരം മേഖലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡയറി ഓരോ ദിവസവും വികസനപരമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. അതിനായി ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും മുന്‍കൈയെടുത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഒട്ടേറെ പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവരികയും നിരവധി പശുകുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന ബ്രഹത്തായ പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്.

ക്ഷീരസംഘങ്ങളില്‍ നിന്നും ക്ഷീര കര്‍ഷകര്‍ക്ക് ലോണ്‍ സൗകര്യ സംവിധാനം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ മില്‍മയുടെ 80 ശതമാനം ലാഭവും ക്ഷീര കര്‍ഷകര്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ക്ഷീരകര്‍ഷകരില്‍ ഓരോ കുടുംബങ്ങള്‍ക്കും സബ്സിഡിയില്‍ പശുക്കളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാലിതീറ്റയിലും സബ്‌സിഡി ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നുണ്ട്. ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ സഹായം ലഭ്യമാക്കാന്‍ തിരുവനന്തപുരത്ത് ഒരു കോള്‍ സെന്റര്‍ തുടങ്ങിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മന്ത്രി ചിഞ്ചു റാണിയുടെ നേതൃത്വത്തില്‍ ക്ഷീരവികസന വകുപ്പിന് വികസന മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചതായും എംഎല്‍എ പറഞ്ഞു.ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, അംഗങ്ങളായ കെ.ആര്‍. മോഹനന്‍ പിള്ള, വി.എസ്. പത്മകുമാര്‍, കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ ആസിഫ്. കെ. യൂസഫ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി.പി. അനന്തകൃഷ്ണന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, സിഐടിയു ജനറല്‍ സെക്രട്ടറി വി.വി. ഹരികുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി ബി. സന്തോഷ്‌കുമാര്‍, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി പി. സത്യപാലന്‍, പത്തനംതിട്ട ഡയറി സീനിയര്‍ മാനേജര്‍ ആര്‍.കെ. സാമുവല്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മില്‍മ ഭരണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Leave A Reply