ഇസ്ലാമാബാദ്: പാകിസ്താനിലെ ഖുസ്ദാർ ജില്ലയിലുടെ ഭാഗമായ അരഞ്ചി പ്രദേശത്ത് കടുത്ത വയറിളക്കം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബലൂചിസ്ഥാൻ സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി എത്രയും വേഗം മേഖലയിലേക്ക് എത്തിച്ചേരണമെന്ന് ഡോക്ടേഴ്‌സിനും പാരാമെഡിക്‌സിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സർക്കാർ നിർദേശം തിരസ്കരിച്ചുകൊണ്ട് സേവനം നൽകാൻ വിസമ്മതിച്ച ഒരു ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രാലയം നടപടിയെടുത്തു. ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. കടുത്ത വയറിളക്കം ബാധിച്ച ജില്ലയിലെ രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരണത്തിന് കീഴടങ്ങിയിരുന്നു. കോളറ രോഗത്തിന്റെ കണക്കുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും മഴയും പ്രളയവും കാരണം വിദൂരപ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ നൂർ മുഹമ്മദ് ഖാസി വ്യക്തമാക്കി