പാലക്കാട്: കാലവർഷം ശക്തമായതോടെ ജില്ലയിൽ പലയിടത്തും മഴക്കെടുതി രൂക്ഷമാണ്. മരം വീണ് വൈദ്യുതി ബന്ധം തകരാറിലായ പ്രദേശങ്ങളിലെ പ്രശ്നം പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുകയാണ് കെ.എസ്.ഇ.ബി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റും കമ്പികളും പൊട്ടിയ പരാതികളാണേറെയും. ജീവനക്കാരുടെ കുറവിനാൽ ജോലി തീർക്കാനാകാതെ വലയുകയാണ് ഓഫീസുകൾ.
സെക്ഷൻ ഓഫീസുകളെ നയിക്കേണ്ട ഓവർസിയർമാർ ആറുപേർ വേണ്ട ഇടത്ത് പല സെക്ഷനുകളിലും രണ്ടോ മൂന്നോ പേർ മാത്രമേയുള്ളൂ. ജോലിഭാരം കാരണം പലരും സെക്ഷൻ ഓഫീസുകളിൽ നിന്ന് സബ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണ്. പൊതു സ്ഥലംമാറ്റത്തിൽ സെക്ഷൻ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നതിൽ കെ.എസ്.ഇ.ബി മാനേജ്മെന്റും ഈ ആവശ്യമുയർത്തുന്നതിൽ യൂണിയനുകളും മടിക്കുകയാണെന്നാണ് ആക്ഷേപം. സബ് എൻജിനീയർ, ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയ തസ്തികകളിലും ആൾക്ഷാമം രൂക്ഷമാണ്.