തർക്കം രൂക്ഷം; എൻഡിഎ യോഗത്തിലേക്ക് എഐഎഡിഎംകെയ്ക്കും ക്ഷണം

ചെന്നൈ: തമിഴ്നാട്ടിൽ തർക്കം രൂക്ഷമായിരിക്കെ എൻഡിഎ യോഗത്തിലേക്ക് എഐഎഡിഎംകെയ്ക്കും ക്ഷണം. ഈ മാസം 18ലെ യോഗത്തിലേക്കാണ് പളനിസ്വാമിയെയും ക്ഷണിച്ചിരിക്കുന്നത്. ബിജെപി തമിഴ്നാട് ഘടകവുമായി ഭിന്നത രൂക്ഷമായതിനിടെയാണ് ക്ഷണം. സഖ്യത്തിൽ തീരുമാനം പിന്നീട് പറയാമെന്ന് പളനിസ്വാമി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതിനിടെയാണ് എൻഡിഎയുടെ നീക്കം. തമിഴ്നാട്ടിൽ ഏറെ കാലമായി സഖ്യത്തിൽ തർക്കം നീണ്ടുനിന്നിരുന്നു.

പ്രതിപക്ഷ യോ​ഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎ യോ​ഗം വിളിച്ചിരിക്കുന്നതും. എൻഡിഎയിലേക്ക് കൂടുതൽ കക്ഷികളെ ചേർക്കാനുള്ള തീരുമാനമാണ്. ഇതിന്റെ ഭാ​ഗമായാണ് അണ്ണാ ഡിഎംകെയെ വിളിച്ചിരിക്കുന്നത്. എടപ്പാടി പളനിസ്വാമിയെ യോ​ഗത്തിലേക്ക് വിളിച്ചതിനാൽ അവരെ അം​ഗീകരിക്കുന്ന നിലപാടാണ് എൻഡിഎ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പളനിസ്വാമിക്കെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന സാ​ഹചര്യത്തിലും യോ​ഗത്തിലേക്കുള്ള ക്ഷണം ഉണ്ടായത് ബിജെപി കേന്ദ്ര നേതൃത്വം ഈ തർക്കത്തെ കാര്യമായി കാണുന്നില്ലെന്നതിന്റെ തെളിവാണ്.

Leave A Reply