മേൽപ്പാലത്തിന് തറക്കല്ലിട്ടിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽപാതയിൽ ഊട്ടറ ലെവൽക്രോസിലെ ഗതാഗതക്കുരുക്ക് പരിഹിക്കുന്നതിനായി മേൽപ്പാലത്തിന് തറക്കല്ലിട്ടിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്ന പണികൾപോലും പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഗായത്രിപ്പുഴയ്ക്ക് കുറുകെ പുഴപ്പാലത്തിനും റെയിൽവേ മേൽപ്പാല നിർമ്മാണത്തിനുമായി 1.25 ഹെക്ടർ സ്ഥലമാണ് സർക്കാരിന് ഏറ്റെടുക്കേണ്ടിവരുന്നത്.

പുഴപ്പാലം, മേൽപ്പാലം എന്നിവയുടെ നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി 10.61കോടി രൂപ കിഫ്ബി ഒന്നാംഘട്ടമായി അനുവദിച്ചിരുന്നതാണ്. ഊട്ടറ പുഴപ്പാലം മുതൽ മേൽപ്പാലം അവസാനിക്കുന്ന സോഡാ മില്ലിന് മുൻവശംവരെയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുന്ന പണികളും കെട്ടിടങ്ങൾക്കും വീടുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.

പുഴപ്പാലവും മേൽപ്പാലവും വരുമ്പോൾ ഇരുപത്തഞ്ചോളം കുടുംബങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവർക്ക് അനുഭാവപൂർണമായ നഷ്ടപരിഹാരം ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. നഷ്ടപരിഹാരത്തുക ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിക്കാനിരുന്ന കുടുംബങ്ങളും ആശങ്കയിലാണ്.

ഗേറ്റ് അടച്ചാൽ ഗതാഗതം മുടങ്ങും. കൊല്ലങ്കോട്-പുതുനഗരം പ്രധാന പാതയിലെ ഊട്ടറയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ട്രെയിനുകൾ ഇതുവഴി കടന്നുപോകുമ്പോൾ ഗേറ്റിന് ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് തുടരുകയാണ്. അത്യാവശ്യ വാഹനങ്ങളും ആംബുലൻസുകളും ഗേറ്റിൽ പെടുന്നതും പതിവാണ്. കൊല്ലങ്കോട് പുതുനഗരം പ്രധാന പാതവഴി കാൽലക്ഷത്തോളം വാഹനങ്ങൾ ദിവസവും കടന്നുപോകുന്നുണ്ട്.

 പുഴപ്പാലം മുതൽ സ്കോഡാ മിൽ വരെയുള്ള ഭാഗത്തെ 1.25 ഹെക്ടർ സ്ഥലമാണ് നിർമാണപ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കാനുള്ളത്

 ഇതിൽ 190.58 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണ് പുഴപ്പാലം നിർമ്മിക്കുന്നത്.

 ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും.

 447.37 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുക.

 ഇവിടെയും ഇരുവശവും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും.

 312.5 സെന്റ് സ്ഥലമാണ് മേൽപ്പാലനിർമാണത്തിന് ആവശ്യമായി വരുന്നത്.

Leave A Reply