കലാഭവൻ മണിയുടെ സ്മാരക സംരംഭങ്ങളോട് പുലർത്തുന്ന അവഗണന അവസാനിപ്പിക്കാൻ കൂട്ടായ്മ

ചാലക്കുടി: അനശ്വര കലാകാരൻ കലാഭവൻ മണിയുടെ സ്മാരക സംരംഭങ്ങളോടും സ്മരണകളോടും എം.എൽ.എയും നഗരസഭ ഭരണാധികാരികളും പുലർത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ കലാകാരന്മാരുടെ കൂട്ടായ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂലായ് 22ന് നഗരസഭ കാര്യാലയത്തിന് മുന്നിൽ ധർണ്ണ നടത്തും.

കലാഭവൻ മണിക്ക് അദ്ദേഹത്തിന്റെ ജന്മനാട് സ്മരണാഞ്ജലിയായി സമർപ്പിച്ച കലാഭവൻ മണി പാർക്ക് യാതൊരുവിധ പുരോഗതിയും ഇല്ലാതെ കാടുപിടിച്ച് കിടക്കുന്നു. ഇവിടെ ചാലക്കുടിയിലെ കലാകാരന്മാരെ അകറ്റിനിറുത്തുന്നു. പൊലീസ് സ്റ്റേഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് കലാഭവൻ മണിയുടെ പേര് നൽകുകയും മൂന്ന് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്ന് ബോർഡുകൾ ഇല്ലാതായി.

കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ഓർമ്മദിനം ആചരിച്ചത് പാവനമായ സ്മരണകളെ മങ്ങലേൽപ്പിക്കുന്ന വിധമായിരുന്നു. കലാഭവൻ മണി സ്മാരക കേന്ദ്രം തുടങ്ങുന്നതിന് നഗരസഭ മുൻകൈയെടുക്കുന്നില്ല. മൂന്ന് കോടിയാണ് കെട്ടിട നിർമ്മാണത്തിന് സർക്കാർ അനുവദിച്ചത്. ഫോക് ലോർ അക്കാഡമിയുടെ ഉപകേന്ദ്രം അടക്കം വിവിധ കലാസംരംഭങ്ങളുടെ പ്രവർത്തനങ്ങളും ഇവിടെ നിർദ്ദേശിച്ചിരുന്നു. അലംഭാവം തുടർന്നാൽ പ്രസ്തുത ഫണ്ട് നഷ്ടപ്പെടും. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ, ഡോ.സി.സി.ബാബു, ഡോ.ആർ.എൽ.വി രാമകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, പി.സി.മനോജ്, ജോബി കൊടകര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply