തൃശൂർ സിറ്റി പൊലീസ് ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു

തൃശൂർ: തൃശൂർ സിറ്റി പൊലീസ് ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ പൊലീസ് ഫേസ്ബുക്ക് പേജാണ് കേരളാ പോലീസിന്റേത്. സംസ്ഥാനത്ത് കൂടുതൽ പ്രചാരമുള്ള ജില്ല പൊലീസ് ഫേസ്ബുക്ക് പേജ് തൃശൂർ സിറ്റി പൊലീസിന്റേതും. ഫേസ്ബുക്ക് ഇൻബോക്‌സിലൂടെ ജനങ്ങൾ പ്രതിദിനം നൂറോളം സംശയങ്ങൾ ചോദിക്കാറുണ്ട്. ഇവയ്ക്ക് കൃത്യമായി മറുപടി നൽകുന്നു. പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ, പരാതി നൽകേണ്ട വിധം, കൗൺസലിംഗുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ തുടങ്ങിയവയ്ക്കും മറുപടി നൽകും. പരാതി ഇ മെയിലിലയക്കാം. കമ്മിഷണർ പരിശോധിച്ച് തുടർനടപടിയെടുക്കും.

സഭ്യവും മാന്യവുമായ ട്രോളും അനുകമ്പയും പ്രചോദനവും ആത്മാർത്ഥതയുമുള്ള പോസ്റ്റുകളും പേജിലുണ്ട്. കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള ബോധവത്കരണ വീഡിയോകൾ, ഓൺലൈൻ തട്ടിപ്പുകളെപ്പറ്റിയുള്ള വിവരം, സാമ്പത്തിക കുറ്റകൃത്യം, പുതിയ തട്ടിപ്പുരീതി, മയക്കുമരുന്ന് ദുരുപയോഗം, വിപണനം, ലഹരിവിരുദ്ധ ബോധവത്കരണം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ഗതാഗത നിയന്ത്രണം തുടങ്ങിയവയെ കുറിച്ചും ധാരാളം വിവരം നൽകുന്നു.

മുതിർന്നവർ, സാധാരണക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് ഉപകരിക്കുന്ന പോസ്റ്റുമുണ്ട്. പൊലീസ് സേനയുടെ മികച്ച സേവനങ്ങളെക്കുറിച്ചും കുറിപ്പും ചിത്രങ്ങളുമിടാറുണ്ട്. സമൂഹമാദ്ധ്യമ രംഗത്തെ പ്രകടനത്തിന് 2021ലെ സർക്കാരിന്റെ ഇ ഗവേണൻസ് പുരസ്‌കാരം സിറ്റി പൊലീസ് നേടിയിരുന്നു. തൃശൂർ പൂരത്തിനും കൊവിഡ്, പ്രളയ കാലത്തും ജനങ്ങളുമായി ആശയവിനിമയം നടത്താനും സമൂഹ മാദ്ധ്യമങ്ങളെ വിജയകരമായി ഉപയോഗിച്ചു.

Leave A Reply