തൃപ്രയാർ: നടൻ സുരേഷ് ഗോപി പണിത് നൽകുന്ന നന്മ വീടിന് സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികൾ. തൊഴിലാളികൾക്ക് ഭക്ഷണം നൽകി എൻ.എസ്.എസ് വളന്റിയർമാരും. ബാങ്ക് ജപ്തിയുടെ തീരാ ദുഃഖത്തിലും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളോടൊപ്പം നടൻ സുരേഷ് ഗോപിയും ഒത്തുചേർന്നപ്പോൾ ജപ്തി ഒഴിവായി.
പുതിയ വീടിനുള്ള പണിയും തുടങ്ങി. വീടിന്റെ വാർപ്പ് കഴിഞ്ഞുവെന്നറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നൽകാമെന്നേറ്റു. അതിനായി എം സാൻഡ് ഋഷി എന്ന മെഡിക്കൽ റെപ്പും, സിമന്റ് വേളയിൽ ട്രെഡേഴ്‌സും സ്‌പോൺസർ ചെയ്തു.
തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവർ തേപ്പ് ആരംഭിച്ചപ്പോൾ ചേട്ടന്മാർക്കുള്ള ഭക്ഷണപ്പൊതികളുമായി നാട്ടിക എസ്.എൻ ട്രസ്റ്റിലെ എൻ.എസ്.എസ് വളന്റിയർമാരായ അനന്ത കൃഷ്ണനും ദേവദത്തനും അക്ഷിതും ശ്രീജിലും അനാമികയും അരുണിമയുയൊക്കെയെത്തി. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, ജയൻബോസ് എന്നിവർ സംബന്ധിച്ചു.