കച്ചവടക്കാർക്ക് ആശ്വാസമായി ഫിഷറീസ് വകുപ്പിന്റെ മീൻകൂട് പദ്ധതി

കൊച്ചി: വഴിയോരങ്ങളിലെ മത്സ്യക്കച്ചവടക്കാർ വെയിലും മഴയും കൊണ്ട് ബുദ്ധിമുട്ടണ്ട. കച്ചവടക്കാർക്ക് ആശ്വാസമായി ഫിഷറീസ് വകുപ്പിന്റെ മീൻകൂട് പദ്ധതി ഒരുങ്ങുന്നു. ആധുനികരീതിയിൽ അനുയോജ്യമായ സ്ഥലത്ത് വഴിയോര മീൻകച്ചവടം നടത്താൻ പര്യാപ്തമായ മീൻകൂട് (സ്ട്രീറ്റ് ഫിഷ് വെൻഡിംഗ് കിയോസ്‌ക് ) വിതരണം ചെയ്യുന്നതാണ് പദ്ധതി.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ ഘട്ടംഘട്ടമായി എറണാകുളം ഉൾപ്പെടെ മുഴുവൻ ജില്ലകളിലും ‘മീൻകൂട്” വ്യാപിപ്പിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 50 മീൻകൂടുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. തെക്കൻ ജില്ലകളിൽ മത്സ്യവില്പന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാൽ ഗുണഭോക്താക്കളിൽ വനിതകൾക്ക് പ്രാധാന്യം നൽകും. യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രത്യേകതകൾ

ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പോളിമേഴ്‌സ് നിർമ്മിത കാബിനിൽ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ ട്രേ, 220 ലിറ്റർ ഐസ് ബോക്‌സ്, മത്സ്യം വൃത്തിയാക്കാനുള്ള സൗകര്യം, ഫിഷ് കട്ടിംഗ് ബോർഡ്, മലിനജലം ശേഖരിക്കാനുള്ള സൗകര്യം, സോളാർ ലൈറ്റിംഗ് സൗകര്യം, ഇതിനുള്ള ബാറ്ററി, വേസ്റ്റ് ബിൻ എന്നിവ അടങ്ങിയതാണ് മീൻകൂട് പദ്ധതി.

വൃത്തിഹീനമായ ചുറ്റുപാടിൽ മത്സ്യങ്ങൾ പൊതുവിപണിയിൽ ചില്ലറവില്പന നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്ത് മത്സ്യ ഉപഭോഗത്തിൽ മുന്നിലുള്ള കേരളത്തിൽ ഒരാൾ പ്രതിവർഷം 25.06 കിലോ മത്സ്യം കഴിക്കുന്നതായാണ് കണക്ക്. ഉപഭോക്താക്കളിൽ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരവും വൃത്തിയും നിലനിറുത്തുന്നതിന് പദ്ധതി സഹായകമാകും.

Leave A Reply