കോന്നി: മധ്യകേരളത്തിലെ ജില്ലകളെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയായ ഗ്രീൻഫീൽഡ് ഹൈവേക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ 45 മീറ്റർ വീതിയിലാണ് പാത കടന്നുപോകുന്നത്. കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിൽ ഉൾപ്പെട്ടതാണിത്. തിരുവനന്തപുരം പുളിമാത്തുനിന്ന് ആരംഭിച്ച് അങ്കമാലിയിൽ എത്തുന്ന പാത 257 കിലോമീറ്ററാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയും കടന്നുപോകുന്നു. പുളിമാത്ത്, നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി താലൂക്ക് വഴിയാണ് പാത കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്. പത്തനാപുരം ഭാഗത്തുനിന്ന് നിലവിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ വകയാർ കൊല്ലൻപടിക്ക് സമീപം എത്തിച്ചേരും.
തുടർന്ന് അരുവാപ്പുലം വില്ലേജിലെ എള്ളാംകാവ് ക്ഷേത്രത്തിന് സമീപത്തുകൂടി പരുത്തി, മാളാപാറ, മുളന്തറ, മാവനാൽ, ആനകുത്തി, സി.എഫ്.ആർ.ഡി, മെഡിക്കൽ കോളജ് എന്നിവയുടെ സമീപത്തുകൂടി പയ്യനാമൺ തവളപ്പാറ വഴി പയ്യനാമണ്ണിലെ പഴയ പോസ്റ്റ് ഓഫിസിന് സമീപം എത്തും.
കൊന്നപ്പാറ, ചെമ്മാനി എസ്റ്റേറ്റ്, ചെങ്ങറ ചിറതിട്ട ജങ്ഷൻ ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴ തോട്ടം, പുതുക്കുളം, തലച്ചിറ വഴി വടശ്ശേരിക്കരയിലും പമ്പാനദി കടന്ന് ചെറുകുളഞ്ഞി വഴി റാന്നിയിലേക്കും റോഡ് പോകും. തുടർന്ന് മന്ദമരുതി വഴി മക്കപ്പുഴ, എരുമേലി വഴി കോട്ടയം ഭാഗത്തേക്ക് കടക്കും.