കരുതലും കൈത്താങ്ങും അദാലത്ത്: 99 ശതമാനം അപേക്ഷകളും തീര്‍പ്പായി – മന്ത്രി കെ എന്‍ ബാലഗോപാൽ

‍കൊല്ലം: സംസ്ഥാന സര്ക്കാര് രണ്ടാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല് 15 വരെ താലൂക്ക് ആസ്ഥാനങ്ങളില് നടന്ന കരുതലും കൈത്താങ്ങും അദാലത്തില് 99 ശതമാനം പരാതികള്ക്കും മറുപടി നല്കി ജില്ല മികച്ച പ്രവര്ത്തനം കാഴ്ചവെച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല്.
കരുതലും കൈത്താങ്ങും അദാലത്ത് ജില്ലാതല അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തിന് മുന്പും അന്നേദിവസവുമായി ലഭിച്ച 5171 അപേക്ഷകളില് 5102 എണ്ണത്തിനും മറുപടി നല്കി. ബാക്കിയുള്ള 69 അപേക്ഷകളുടെ തത്സ്ഥിതി പരിശോധിക്കാനും ഓഗസ്റ്റ് 14 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് തിരുവനന്തപുരത്ത് ചേരുന്ന മേഖലാതല യോഗത്തിന് മുന്നോടിയായുള്ള വിഷയങ്ങള് ചര്ച്ച ചെയ്യുന്നതിനാണ് യോഗം ചേര്ന്നത്.
പരാതികള് പരിഗണിക്കുമ്പോള് സാധാരണക്കാരുടെ ആവശ്യങ്ങള് മനസിലാക്കി, പ്രശ്നങ്ങള്ക്ക് മുന്ഗണന നല്കി പരിഹാരം നിര്ദേശത്തോടെയുള്ള മറുപടി നല്കാന് ഉദ്യോഗസ്ഥര് ശ്രദ്ധിക്കണം. ജില്ലാതലത്തില് തന്നെ പരിഹരിക്കാന് കഴിയുന്ന പ്രശ്നങ്ങള് അദാലത്തിലേക്ക് എത്തിക്കരുത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം ഉണ്ടെങ്കിലേ അദാലത്തുകള് വിജയകരമാകൂവെന്നും മന്ത്രി പറഞ്ഞു.
കാലതാമസം വരുത്താതെ സമയബന്ധിതമായി പരാതികള്ക്ക് പരിഹാരം കാണണമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പരാതികള് കൃത്യമായി അന്വേഷിച്ച് മനസിലാക്കി പരിഹാരം നിര്ദേശിക്കണം. സാങ്കേതികതയുടെ സങ്കീര്ണതകളില് നിന്നും സാധാരണക്കാരെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ഓണ്ലൈനായി ലഭിച്ച 3413 അപേക്ഷകള്, അദാലത്ത് ദിവസങ്ങളില് ലഭിച്ച 1758 ഉള്പ്പെടെ ആകെ 5171 അപേക്ഷകളില് 5102 എണ്ണത്തിനാണ് മറുപടി നല്കിയത്. ഇതില് അനുകൂല മറുപടികള്, തുടര്നടപടിക്കായി സമര്പ്പിച്ചവ, ഹിയറിങിന് മാറ്റിവെച്ചതുള്പ്പെടെയുള്ള വിശദമായ റിപ്പോര്ട്ട് ജൂലൈ 15നകം സമര്പ്പിക്കാന് ജില്ലാ കലക്ടര് അഫ്സാന പര്വീണ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്, സബ് കലക്ടര് മുകുന്ദ് ഠാക്കൂര്, ജില്ലാതല ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
Leave A Reply