ആറ്റിങ്ങൽ: വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുന്നു. 2010 മേയ് 12ന് രജിസ്ട്രേഷൻ ചെയ്ത കെ.എൽ 01 എ.വൈ 1605 ആംബുലൻസിന് 2025 വരെ ടാക്സ് ഉണ്ട്. എന്നാൽ 2017 മുതൽ ആംബുലൻസ് സർവിസ് നിർത്തുകയായിരുന്നു. തുടർന്ന് താലൂക്കാശുപത്രിയുടെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ആംബുലൻസ് ആറുവർഷമായി മഴയും വെയിലുമേറ്റ് കിടക്കുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ലക്ഷങ്ങൾ വിലവരുന്ന ആംബുലൻസ് നശിക്കാൻ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ആംബുലൻസും ഉള്ളിലെ യന്ത്രങ്ങളും തുരുമ്പെടുത്ത് നശിച്ചു. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് നശിപ്പിക്കുന്നത് സ്വകാര്യ ആംബുലൻസ് സർവിസിനെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ആംബുലൻസ് ഉപേക്ഷിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി നഷ്ടം ഈടാക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ നിയമനടപടിക്ക് ഒരുങ്ങുകയാണ്.