സൗദിയിൽ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി
മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം.
ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലായി. മദീനയിലെ ഭക്ഷണപാനീയ കടകളിൽ 40 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാവണം. റെസ്റ്റോറൻറുകൾ, കാൻറീനുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് കടകൾ എന്നിവയിലാണ് നിയമം ബാധകം. ഐസ്ക്രീം പാർലറുകൾ, കഫേകൾ എന്നിവയിൽ സ്വദേശിവത്കരണം 50 ശതമാനമാണ്. ഭക്ഷണപാനീയ മൊത്ത വിൽപന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം 50 ശതമാനമാക്കിയിട്ടുണ്ട്.