തൈക്കൂടം ∙ സ്വകാര്യ ആയുർവേദ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് ആശുപത്രി ജീവനക്കാരിക്കും രോഗിക്കും പരുക്ക്. തെറപ്പിസ്റ്റ് തൊടുപുഴ സ്വദേശിനി സോന, ചികിത്സയ്ക്കായെത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണു പരുക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്കു കാലിനും മറ്റൊരാൾക്ക് നട്ടെല്ലിനുമാണ് പരുക്ക്. 3 നിലക്കെട്ടിടത്തിന്റെ ലിഫ്റ്റ് രാവിലെ എട്ടരയോടെയാണ് താഴേക്കു പതിച്ചത്. കുടുങ്ങിയവരെ ഗാന്ധിനഗർ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്. കഷ്ടിച്ച് 2 പേർക്ക് നിൽക്കാവുന്ന ലിഫ്റ്റ് ഒരു വർഷം മുൻപാണു സ്ഥാപിച്ചത്.
ലിഫ്റ്റ് ക്യാബിന്റെ അളവിൽ പിശകുണ്ടെന്നും നിർമാണത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പ്രവർത്തനാനുമതി നൽകിയിരുന്നില്ല. ഇക്കാര്യങ്ങൾ പരിഹരിച്ച് ആശുപത്രി അധികൃതർ വീണ്ടും അപേക്ഷ നൽകിയിരിക്കെയാണ് ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്. ഉരുക്ക് റോപ്പിന്റെ കപ്പിളിൽ സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് സാങ്കേതിക വിദഗ്ധർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്ന് മരട് പൊലീസ് പറഞ്ഞു.