ചിന്നക്കനാൽ ∙ ഒരിടവേളയ്ക്കുശേഷം ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു. ജ്‌ഞാനജ്യോതിയമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുൻവാതിലുമാണ് ഇന്നലെ രാത്രി 7നു കാട്ടാന തകർത്തത്. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ 2 ദിവസം മുൻപു മറയൂരിലുള്ള ബന്ധുവീട്ടിൽ പോയശേഷം മടങ്ങി വന്നിരുന്നില്ല.
ചക്കക്കൊമ്പനാണു വീടാക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. ചിന്നക്കനാൽ മേഖലയിലെ വീടുകളും റേഷൻ കടകളും തകർത്ത് ഭക്ഷണസാധനങ്ങൾ എടുത്തിരുന്ന അരിക്കൊമ്പനെ ഏപ്രിൽ 29നു മയക്കുവെടിവച്ച് പിടികൂടി കൊണ്ടുപോയ ശേഷം ഇവിടെ കാട്ടാനയാക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.