കുവൈത്തില്‍ കളളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകന് തടവ്

കുവൈത്തില്‍ കളളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനും കൂട്ടാളിക്കും രണ്ട് വിദേശ പൗരന്‍മാര്‍ക്കുമെതിരെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. രാജകുടുംബാംഗം കൂടിയാണ് പ്രധാനമന്ത്രിയുടെ മകന്‍. പത്ത് വര്‍ഷത്തെ തടവാണ് മന്ത്രിയുടെ മകനും, കൂട്ടാളിക്കും, രണ്ട് വിദേശികള്‍ക്കും രാജ്യത്ത് അനുഭവിക്കേണ്ടി വരിക. കേസില്‍ പ്രതിയാക്കപ്പെട്ട അഭിഭാഷകന് ഏഴു വര്‍ഷമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഖജനാവിലേക്ക് പ്രതികള്‍ നൂറ് കോടി ഡോളര്‍ തിരിച്ചടക്കണമെന്നും കോടതിവിധിയുണ്ട്.

ഇതിനൊപ്പം പിഴയായി അഞ്ച് പ്രതികളും ചേര്‍ന്ന് 50 കോടി ഡോളര്‍ കൂടി അടക്കേണ്ടതുണ്ട്.2016ല്‍ മലേഷ്യയിലാണ് കേസിന്റെ തുടക്കം.മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് മേല്‍നോട്ടം വഹിച്ചിരുന്ന മലേഷ്യന്‍ പരമാധികാര ഫണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം വെളുപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 100 കോടിയിലേറെ ഡോളറിന്റെ ആസ്തികള്‍ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രോസിക്യൂഷന്‍ പ്രതിനിധികള്‍ കേസ് നല്‍കിയതോടെയാണ് പണം വെളുപ്പിക്കല്‍ കണ്ടെത്തിയത്.

വ്യാജ പദ്ധതികളുടെ മറവില്‍ ചൈനീസ്, മലേഷ്യന്‍ കമ്പനികള്‍ക്കു വേണ്ടി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതില്‍ കുവൈത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി വ്യക്തമാക്കി 2020 മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് നാസിര്‍ സ്വബാഹ് അല്‍അഹ്‌മദിന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് കുവൈത്തില്‍ പണം വെളുപ്പിക്കല്‍ കേസ് കണ്ടെത്തിയത്.

Leave A Reply