ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ

കൊല്ലം ∙ മദ്യപാനത്തെ തുടർന്നു ഉണ്ടായ കുടുംബവഴക്കിൽ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശ്രാമം കുറവൻ പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുട്ടിയുടെ അച്ഛൻ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റു ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം എസ്എടി.ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇവരുടെ അടുത്തേക്കു വന്ന ഒന്നര വയസ്സുകാരി മകളെ മുരുകൻ വീടിനു പുറത്തേക്കെറിയുകയായിരുന്നു എന്നും വീഴ്ചയിൽ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു.

Leave A Reply