ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തിന് ഏകീകൃത രീതി ഇല്ലാത്തത് സങ്കടകരമെന്നും സിപിഐഎം സെമിനാറിന് കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നെങ്കില്‍ ഐക്യനിര ഉണ്ടാകുമായിരുന്നുവെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഒരേ അണികളാണ് മുസ്ലിം ലീഗിനും സമസ്തയ്ക്കുമെന്ന തിനാല്‍, സമസ്ത സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം വേണ്ടെന്നും നാസര്‍ ഫൈസി പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പ്രതികരണങ്ങളാണ് വരുന്നത്. സെമിനാറില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ലീഗിന് തിരിച്ചടിയാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിനെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിമര്‍ശിച്ചു. നേതാക്കള്‍ വിട്ടു നിന്നാലും അണികള്‍ സെമിനാറിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
ലീഗ് സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പ്രതികരിച്ചു. സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിന് കാരണം അവരുടെ മൃദു ഹിന്ദുത്വ നിലപാടാണെന്നും ജയരാജന്‍ പറഞ്ഞു.ഈ മാസം 15 നാണ് ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സെമിനാര്‍ സംഘടിപ്പിക്കുന്നത്.