കഴക്കൂട്ടം: തിരുവനന്തപുരം പള്ളിത്തുറയിൽ വൻ ലഹരി വേട്ട. പള്ളിത്തുറ നെഹ്റു ജങ്ഷനിലെ വാടക വീട്ടിൽ നിന്നും കാറിൽ നിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എം.ഡി.എം.എയും പിടികൂടി. സംഭവത്തിൽ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
കഠിനംകുളം സ്വദേശി ജോഷോ (24) വലിയവേളി സ്വദേശികളായ കാർലോസ് (34),ഷിബു (20) , അനു ആന്റണി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്തുനിന്ന് കാർ മാർഗമാണ് ലഹരിവസ്തുക്കൾ എത്തിച്ചത്. കാറിനുള്ളിൽ 62 പൊതികളും വീട്ടിലെ അലമാരയിൽ 10 പൊതികളുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളുടെ വസ്ത്രങ്ങളിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെല്ലാം മത്സ്യത്തൊഴിലാളികളാണ്.