ആസിഡ് – ആല്‍ക്കലി സ്വഭാവമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഹാനികരം:അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെ നമുക്ക് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തി ആരോഗ്യം പരിപാലിക്കാന്‍ സാധിക്കും. ഇതില്‍ ആസിഡ് – ആല്‍ക്കലി സ്വഭാവമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളിയായി മാറാറുണ്ട്. പിഎച്ച് നിലയിലെ മാറ്റങ്ങളാണ് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുടെ പിഎച്ച് സാധാരണയായി 4.6 ല്‍ കുറവായിരിക്കും. എന്നാല്‍ 7 ല്‍ കൂടുതല്‍ പിഎച്ച് മൂല്യമുള്ള ഭക്ഷണങ്ങള്‍ ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായിരിക്കും.

ഇതില്‍ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം അസ്ഥികളുടെ ബലം കുറയുന്നതിനും മൂത്രത്തില്‍ കല്ല്, സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. കൂടാതെ ആല്‍ക്കലൈന്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ഛര്‍ദി, മരവിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകാം. പാല്‍ ഉല്‍പന്നങ്ങള്‍, ചീസ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മത്സ്യം, സീ ഫുഡ്, റെഡ് മീറ്റ് മുതലായവ അസിഡിക് സ്വഭാവമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളായാണ് കണക്കാക്കുന്നത്. കൂടാതെ പച്ച ഇലക്കറികള്‍, കോളിഫ്ളവര്‍, ബ്രോക്കോളി, കടല്‍ ഉപ്പ് മുതലായവ ക്ഷാരഗുണമുള്ള ഭക്ഷണങ്ങളാണ്.

മനുഷ്യശരീരത്തിലാകട്ടെ ആസിഡും ആല്‍ക്കലിയും തമ്മിലുള്ള ശരിയായ ബാലന്‍സ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനത്തിനും മറ്റ് ഉപാപചയ പ്രക്രിയകള്‍ക്കും സുപ്രധാനമായ എന്‍സൈമുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈ സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് ഡയറ്റീഷ്യന്‍ ഉഷാകിരണ്‍ സിസോദിയ പറയുന്നു. പോഷകങ്ങള്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാനും വിഷാംശം ഇല്ലാതാക്കാനും പിഎച്ച് മൂല്യത്തിലുള്ള സന്തുലിതാവസ്ഥ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. വിട്ടുമാറാത്ത ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നുണ്ട്. സ്ഥിരമായി അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും അസ്ഥിക്ഷയത്തിലേക്കും നയിച്ചേക്കാമെന്നും സിസോഡിയ പറയുന്നു.

Leave A Reply