അങ്കണവാടിപ്പടി-പുതുവേലിൽപ്പടി റോഡ് തകർന്നിട്ട് ഒരു വർഷം

മൈലപ്ര : പഞ്ചായത്തിലെ ആറാം വാർഡിൽപെട്ട അങ്കണവാടിപ്പടി-പുതുവേലിൽപ്പടി റോഡ് തകർന്നിട്ട് ഒരു വർഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മഴക്കാലത്ത് ഉയർന്നപ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഈ റോഡിൽകൂടി കുത്തിയൊലിക്കുന്നത് കാരണം റോഡിൽ കല്ല് തെളിഞ്ഞനിലയിലാണ്.

പായൽകൂടി വന്നതോടെ ഇതുവഴി നടന്നുപോകാനാകാത്ത അവസ്ഥയാണ്. 150 മീറ്റർ ദൂരമുള്ള റോഡ്‌ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടികളും ഉണ്ടായിട്ടില്ല.മൈലപ്ര, കുമ്പഴ വടക്ക്, പള്ളിപ്പടി ഭാഗങ്ങളിൽനിന്നും കാറ്റാടി, വലിയതറ വഴി മലയാലപ്പുഴ ഭാഗത്തേക്ക്‌ പോകാനുള്ള എളുപ്പവഴികൂടിയാണിത്.

പത്തോളം കുടുംബങ്ങളാണ് ഇൗ ഭാഗത്ത് താമസിക്കുന്നത്. പ്രായമായവർ, ശാരീരികമായ രോഗാവസ്ഥയിലുള്ളവർ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. റോഡ് തകർന്നുകിടക്കുന്നത് കാരണം ഈ ഭാഗത്തേക്ക്‌ ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷ വരാത്ത സ്ഥിതിയാണുള്ളത്.

Leave A Reply