ദോഹ: റിയൽ എസ്‌റ്റേറ്റ് ഫിനാൻസിങ് (മോർഗേജ്) വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ സെൻട്രൽ ബാങ്ക് . ആസ്തികളും വസ്തുക്കളും ഈട് നൽകിയുള്ള ധനസഹായം സംബന്ധിച്ച വ്യവസ്ഥകളിലാണ് ഭേദഗതി.
മാക്‌സിമം ലോൺ-ടു വാല്യു (എൽടിവി), തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടെയാണ് ഭേദഗതി. പ്രവാസികളെ സംബന്ധിച്ച് കടബാധ്യതയുടെ അനുപാതം മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നതാണ് പുതിയ വ്യവസ്ഥ.
രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സ്വദേശി ബാങ്കുകൾക്കും അവയുടെ അനുബന്ധ ശാഖകൾക്കും പുതിയ ഭേദഗതി ബാധകമാണ്. വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകൾ ആതിഥേയ രാജ്യത്തിന്റെ വ്യവസ്ഥകളാണ് പാലിക്കേണ്ടത്. ശമ്പളമുള്ള ഉപഭോക്താക്കൾക്ക് വസ്തു ഈടിന്മേൽ ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.