പൊലീസ് സ്റ്റേഷൻ മുറ്റത്ത് തലയടിച്ച് വീണ് പരിക്കേറ്റു: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ മുറ്റത്ത് തലയടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമങ്ങാട് പഴകുറ്റി സൂരജ് മൻസിലിൽ മുഹമ്മദ് സനൂജ് (42) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 13-നായിരുന്നു സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ സലൂഷ് എന്നയാൾ നൽകിയ പരാതി പ്രകാരം മുഹമ്മദ് സനൂജിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായിരുന്നു. നായയെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം. ഇയാൾ സ്റ്റേഷനിൽ വന്ന സമയത്ത് പരാതിക്കാർ വന്നില്ല. സനൂജ് സ്റ്റേഷനിൽ വന്ന് സിഐ യെ കണ്ട ശേഷം പുറത്ത് പോയി ഫോണിൽ സംസാരിച്ച് നിൽക്കെ പെട്ടെന്ന് തറയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
വട്ടപ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.