കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ വക്താവ് എം എസ് കുമാര്‍. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്ന് എം എസ് കുമാര്‍ ആരോപിച്ചു. ബിജെപി പല പരിപാടികള്‍ക്കും തന്നെ ക്ഷണിക്കാറില്ലെന്നും അറിയുന്ന പരിപാടികള്‍ക്ക് പോകാറുണ്ടെന്നും എം എസ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ തന്നെ വികസനം കേരളത്തിലും നടക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം സംസ്ഥാന സര്‍ക്കാര്‍ അവരുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുകയാണ്. അതിനെ പ്രതിരോധിക്കാനും ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണെന്ന പ്രചാരണം നടത്താനും ഇവിടുത്തെ നേതൃത്വത്തിന് കഴിയുന്നില്ല, തുടങ്ങിയ വിമര്‍ശനങ്ങളാണ് എം എസ് കുമാര്‍ ഉയര്‍ത്തുന്നത്.
മൈതാനങ്ങളില്‍ യോഗം നടക്കുമ്പോള്‍ നമുക്ക് പോകാം. മറ്റ് യോഗങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ താന്‍ സമിതികളില്‍ അംഗമായിരിക്കണം. ഇപ്പോള്‍ അംഗമല്ലാത്തതിനാലാകാം ക്ഷണമില്ലാത്തതെന്നും എം എസ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേയും സംസ്ഥാന നേതൃത്വത്തിനെതിരെ എം എസ് കുമാര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.