ദോഹ എക്സ്പോ; ആറു മാസത്തെ മേളക്ക് ആവശ്യം 4000 വളന്റിയർമാരെ, രജിസ്ട്രേഷൻ രണ്ടാഴ്ചക്കുള്ളിൽ തുടങ്ങും
ദോഹ: ദോഹ ഹോർട്ടികൾചറൽ എക്സ്പോക്ക് വളന്റിയറാവാൻ താൽപര്യപ്പെടുന്നവർക്ക് രജിസ്ട്രേഷനായി ഒരുങ്ങാൻ സമയമായി. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വളന്റിയർ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ എൻജി. മുഹമ്മദ് അലി അൽ ഖൗറി അറിയിച്ചു.
ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28 വരെ ആറു മാസത്തോളം നീളുന്ന മേളയുടെ സുഗമമായ സംഘാടനത്തിന് 3000 മുതൽ 4000 വരെ വളന്റിയർമാരുടെ സേവനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി വളന്റിയർ രജിസ്ട്രേഷൻ അറിയിപ്പ് പ്രഖ്യാപിക്കും. തുടർന്ന് വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും ആവശ്യമായ വളന്റിയർമാരെ തിരഞ്ഞെടുക്കുന്നത്.