‘ഏകസിവിൽകോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല’; സിപിഎം സിവിൽ കോഡിന് എതിരാണെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: ഏക സിവില്‍ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്നും 1985 ല്‍ നിയമസഭയില്‍ അന്നതെ പ്രതിപക്ഷമായിരുന്ന സിപിഎം അതിനായി വാദിച്ചുവെന്നുമുള്ള ആക്ഷേപത്തെ തള്ളി കേന്ദ്ര കമ്മറ്റി അംഗവും മുതിർന്ന നേതാവും ഇ.പി.ജയരാജന്‍ രംഗത്ത്. ഇഎംഎസിന്‍റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നത് അബദ്ധ ധാരണകളാണ്. ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. 85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല. സിപിഎം സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഏക സിവിൽ കോഡ് സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചു .അത് മാറ്റിയാൽ ക്ഷണിക്കാം.സിപിഎമ്മിനെ തള്ളിപ്പറയുന്ന സതീശനെയും സുധാകരനെയും എങ്ങനെ ക്ഷണിക്കും?അഞ്ച് വോട്ട് കണ്ടിട്ടല്ല ലീഗിനെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻ നിർത്തിയാണ് അവരെ ക്ഷണിച്ചത്. ലീഗ് സഹകരിച്ച പല അവസരങ്ങളും ഉണ്ട്‌. നിഷേധാത്മക സമീപനം അവർ എടുത്തിട്ടില്ല.മോദിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ്‌ സിപിഎമ്മിനെ എതിർക്കുന്നു. ലീഗിന്‍റെ പിന്തുണ ഇല്ലെങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ്‌ ജയിക്കുമോ? ലീഗ് സഹകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ലീഗ് വിട്ടുപോയാൽ യുഡിഎഫ് ഇല്ല. മുന്നണിയിൽ തുടരണോ എന്നത് ലീഗ് ആലോചിക്കേണ്ട കാര്യമാണ്.യുഡിഎഫ് ഇനിയും ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply