ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ്‌സിംഗ് വഗേല അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ ജയശങ്കര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രദീപ്‌സിംഗ് വഗേല വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെയാണ് ജയശങ്കറിൻ്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഞായറാഴ്ച ജയശങ്കര്‍ ഗുജറാത്തിലെത്തിയിരുന്നു. ബിജെപി മന്ത്രിമാരും നേതാക്കളും ചേര്‍ന്നാണ് അഹമ്മദാബാദ് എയര്‍പോര്‍ട്ടിലെത്തിയ ജയശങ്കറെ സ്വീകരിച്ചത്.