വഴിയോരത്ത് നിൽക്കുന്ന തണൽമരങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറി

ചോറ്റാനിക്കര: വഴിയോരത്ത് നിൽക്കുന്ന തണൽമരങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറി. നൂറുകണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന കൊച്ചി – തേനി ഹൈവേയിൽ ശാസ്താമുകൾ കവലയിൽ പടുകൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.

മഴ ശക്തിപ്രാപിച്ചപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ സ്വകാര്യ വ്യക്തികളുടെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് അറിയിപ്പ് നൽകിയ അധികൃതർ സർക്കാർ ഭൂമിയിലോ പുറമ്പോക്ക് ഭൂമിയിലോ അപകടകരമായി നിൽക്കുന്ന തണൽവൃക്ഷങ്ങളെക്കുറിച്ച് അറിഞ്ഞമട്ടില്ല. ശിഖരങ്ങൾ ആര് മുറിച്ചുമാറ്റുമെന്നതിന് ഉത്തരമില്ല.

മാറ്റക്കുഴി, മാമല, തിരുവാങ്കുളം തുടങ്ങി പ്രധാന റോഡുകളുടെ വശങ്ങളിൽ അപകടകരമായി നിരവധി മരങ്ങളാണുള്ളത്. ഇവ മുറിച്ചുമാറ്റണമെന്ന ആവശ്യത്തിനും ഏറെക്കാലത്തെ പഴക്കമുണ്ട്. മഴയും കാറ്റും ശക്തിപ്രാപിച്ചതോടെ ഏതുനിമിഷവും റോഡരികിലെ മരങ്ങൾ ഒടിഞ്ഞുവീഴാം. റോഡിലൂടെ സഞ്ചരിക്കുന്നവരടക്കം ഭീതിയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചു മുകളിൽ കാറ്റിലും മഴയിലും റോഡിലേക്ക് മരങ്ങൾ കടപുഴകിവീണും 5 വൈദ്യുതി പോസ്റ്റുകളിലേക്കു മറിഞ്ഞു വീണും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ശാസ്താമുകളിൽ മരം ഒടിഞ്ഞുവീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. ബൈക്ക് യാത്രക്കാരൻ അപകടത്തിൽനിന്ന് അത്ഭുതകരമായയാണ് രക്ഷപ്പെട്ടത്.

മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ കെ.എസ്.ഇ.ബിക്കും ലക്ഷങ്ങളുടെ നഷ്ടമാണ്. വൈദ്യുതിബന്ധം മണിക്കൂറോളം വിച്ഛേദിക്കപ്പെടുന്നത് ജനങ്ങൾക്കും ദുരിതമാകുന്നു. ശാസ്താമുകളിൽ മരം ഒടിഞ്ഞുവീണപ്പോൾ വൈദ്യുതിപോസ്റ്റുകളും നിലംപൊത്തി.

അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നത് സംബന്ധിച്ച വിഷയം കഴിഞ്ഞ ആഴ്ച നടന്ന താലൂക്ക് വികസനസമിതി യോഗത്തിലും ചർച്ചയായി.നടപടിയെടുക്കണമെന്ന് ജനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെടുന്നു.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അപകടകരമായ നിൽക്കുന്ന തണൽവൃക്ഷങ്ങളെക്കുറിച്ച് പഞ്ചായത്ത് കമ്മിറ്റി ട്രീ കമ്മിറ്റിയെ അറിയിക്കുകയും അവർ സ്ഥലം സന്ദർശിക്കുകയും ചെയ്തിട്ടുള്ളതാണ്. അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് മരങ്ങൾ മുറിച്ചുമാറ്റുവാൻ സാധിക്കാത്തത്.

Leave A Reply