ആശുപത്രിയിലെ ലിഫ്റ്റ് രണ്ടു നില ഉയരത്തിൽ നിന്ന് താഴേക്കു പതിച്ച് തെറാപ്പിസ്റ്റിന് ഗുരുതരമായി പരിക്കേറ്റു

കൊച്ചി: തൈക്കൂടം സൂര്യസരസ് ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റ് രണ്ടു നില ഉയരത്തിൽ നിന്ന് താഴേക്കു പതിച്ച് തെറാപ്പിസ്റ്റിനും ഉത്തരേന്ത്യൻ സ്വദേശിനിക്കും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.

തെറാപ്പിസ്റ്റ് മൂവാറ്റുപുഴ കല്ലൂർക്കാട് പള്ളത്ത് വീട്ടിൽ സോന ഷൈജു (25), ചികിത്സയ്ക്കെത്തിയ രോഗിക്കൊപ്പം വന്ന ഒഡീഷ സ്വദേശിനി പ്രത്യുഷ പത്രോ (25) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാലുകൾക്കും നട്ടെല്ലിനും പൊട്ടലുണ്ട്. സോനയുടെ നട്ടെല്ലിൽ ഇന്നലെ ശസ്ത്രക്രിയ നടത്തി. പ്രത്യുഷയുടെ ഇരുകാലുകൾക്കും പൊട്ടലുണ്ട്. നട്ടെല്ലിന് ശസ്ത്രക്രിയ വേണോയെന്ന് ഇന്ന് തീരുമാനിക്കും.

മൂന്ന് നിലയാണ് ആശുപത്രിക്കുള്ളത്. ഏറ്റവും മുകൾ നിലയിൽ നിന്ന് താഴേക്ക് പോകാനാണ് ഇരുവരും ലിഫ്റ്റിൽ കയറിയത്. രണ്ടാം നിലയെത്തിയതിന് പിന്നാലെ ലിഫ്റ്റ് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ആശുപത്രി ജീവനക്കാർ ലിഫ്റ്റിന്റെ വാതിൽ പൊളിച്ച് ഇവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് എത്തി അരമണിക്കൂർ പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

ഒരു വർഷം മുമ്പാണ് ആശുപത്രിയിൽ രണ്ടു പേർക്ക് കയറാൻ ശേഷിയുള്ള ലിഫ്റ്റ് സ്ഥാപിച്ചത്. എന്നാൽ ലിഫ്റ്റ് കാബിനിന്റെ അളവിലടക്കം പിഴവുകൾ കണ്ടെത്തിയതിനാൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിച്ച് വീണ്ടും അപേക്ഷ നൽകിയിരിക്കെ ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിക്കുകയായിരുന്നു. റോപ്പ് കേബിൾ തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തൽ. ഹൈഡ്രോളിക് ലിഫ്റ്റിൽ ഇത്തരം തകരാർ എങ്ങനെയുണ്ടായെന്ന് പരിശോധിക്കുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. പിഴവ് ലിഫ്റ്റ് കമ്പനിയുടെയോ ആശുപത്രിയുടെയോ എന്ന് ഉറപ്പാക്കിയ ശേഷം ഇക്കാര്യം പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും പൊലീസ് പറഞ്ഞു. ഐ.സി.യുവിൽ ചികിത്സയിലായതിനാൽ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

Leave A Reply