35 വയസ്സിനിടെ 15 വിവാഹം; ബെംഗളൂരുവിൽ യുവാവ് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മഹേഷ് ബി.നായക് ആണ് പിടിയിലായത്. ഇയാൾ ബെംഗളൂരു സ്വദേശിയാണ്.

ഡോക്ടറെന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തിയിരുന്നത്. അവിവാഹിതരായ പ്രായം ചെന്ന സ്ത്രീകളെയും വിധവകളെയുമാണ് മഹേഷ് ലക്ഷ്യം വെച്ചിരുന്നത്. ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം മഹേഷ് വിവാഹാഭ്യര്‍ഥന നടത്തും. പിന്നീട് ഇവര്‍ക്കൊപ്പം താമസിക്കാനെന്ന വ്യാജേന വീടുകളും വാടകയ്ക്ക് എടുക്കും. ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയും. ഇതായിരുന്നു രീതി.

പല മാട്രിമോണി സൈറ്റുകളിലും വ്യത്യസ്ത വിവരങ്ങള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചിലതില്‍ ഡോക്ടറെന്നും ചിലതില്‍ എഞ്ചിനീയറെന്നും. ഡോക്ടര്‍ വിശേഷണത്തിന് വിശ്വാസ്യത വര്‍ധിപ്പിക്കാൻ തുമക്കുരുവില്‍ ഒരു ക്ലിനിക്കും ഇയാള്‍ തുടങ്ങിയിരുന്നു. ഇവിടെ ഒരു നഴ്‌സിനെ നിയമിക്കുകയും ചെയ്തു.

മൈസുരു സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇയാളെ നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലിനിക്ക് സ്ഥാപിക്കാൻ യുവതിയുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ട ഇയാള്‍ ഇവരുടെ ആഭരണങ്ങളുമായി കടന്നു കളഞ്ഞെന്നാണ് പരാതി. ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് രണ്ട് കാറുകളും ഏഴ് മൊബൈല്‍ ഫോണുകളും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

 

Leave A Reply