വിദ്യാർത്ഥികളെ ജീവിതത്തിൽ എ പ്ലസ് നേടാൻ പ്രാപ്തരാക്കണം; മന്ത്രി കെ. രാജൻ

പാലക്കാട്: സ്കൂൾ പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടുന്നതിനേക്കാൾ വിദ്യാർത്ഥികളെ ജീവിതത്തിൽ എ പ്ലസ് നേടാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സിൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രതിഭാ സംഗമം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വിദ്യാഭ്യാസരംഗം മികവിന്റെ ഉന്നതിയിലാണെന്നും ഭാഷാ വിഷയങ്ങൾക്ക് പോലും ലബോറട്ടറികൾ നിർമ്മിക്കുന്ന തരത്തിൽ അത്രയും സൂക്ഷ്മതയിലാണ് വിദ്യാഭ്യാസരംഗത്ത് സർക്കാർ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, ആരോഗ്യം, എല്ലാവർക്കും ഭൂമി തുടങ്ങിയ സമാധാനത്തിന്റെ നേട്ടങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയതെന്നും ലോകത്തെ മനസിലാക്കാൻ വിദ്യാർഥികൾ പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവുകൾ ആർജിക്കണമെന്നും പഠനം അത്തരത്തിൽ മാറണമെന്നും മന്ത്രി പറഞ്ഞു.

പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പ്രസിഡന്റ് ഗീതാ മണികണ്ഠൻ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ, കൊപ്പം, മുതുതല, കുലുക്കല്ലൂർ, വിളയൂർ, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave A Reply