തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനിക്കണക്കുകൾ. കഴിഞ്ഞ ദിവസം 12,728 പേർ വൈറൽ പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിൽ 2007 ഉം കോഴിക്കോട് 1488 ഉം തിരുവനന്തപുരത്ത് 1182 ഉം എറണാകുളത്ത് 1030 ഉം പനിക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ ഏഴു വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ആറും. ഇതിനു പുറമേ, 323 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒമ്പതു പേർക്ക് എച്ച്1എൻ1ഉം.
പനിക്കേസുകൾ ഇനിയും വർധിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ വ്യാപകമാകുന്ന പനിക്കേസുകളിൽ 90 ശതമാനവും ഗുരുതര സ്വഭാവമില്ലാത്തതും വേഗത്തിൽ ഭേദമാകുന്നതുമാണ്. മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇന്‍ഫ്ളുവന്‍സ) സംസ്ഥാനത്തെ പനിക്കേസുകളിൽ കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറല്‍ പനി ഭേദമാകാൻ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വരും.
ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾതന്നെയാണ് നിലവിൽ പടരുന്ന പനിക്കും. പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലോ ക്ലിനിക്കുകളിലോ ചികിത്സ തേടിയാൽ ഭേദമാകുന്നവയാണിവ. കുട്ടികളിലും പനി വ്യാപകമായി കാണുന്നുണ്ട്. പനിബാധിതരായ കുട്ടികളിൽനിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുന്നെന്നതാണ് പ്രവണത.