പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പലയിടങ്ങളിലും സംഘർഷം. തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കാതൽബെരിയ ഗ്രാമപഞ്ചായത്തിലെ തൃണമൂൽ സ്ഥാനാർഥി മൻവാരയുടെ പിതാവ് ജിയാറുൽ മൊല്ലയാണ് (52) മരിച്ചത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിലെ ഫുൽമലഞ്ച മേഖലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൊല്ലക്ക് വെടിയേറ്റത്. രാഷ്ട്രീയം വിടണമെന്ന് ആവശ്യപ്പെട്ട് മൊല്ലക്ക് എതിരാളികളിൽനിന്ന് നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മൻവാര പറഞ്ഞു.