കരുവൻതിരുത്തി ചെറുമാട്ടുമ്മലിൽ മാലിന്യം അടിഞ്ഞു കൂടുന്നു

ഫറോക്ക് ; ചാലിയാറിൽ ഒഴുകിയെത്തുന്ന മാലിന്യം കരുവൻതിരുത്തി ചെറുമാട്ടുമ്മലിൽ അടിഞ്ഞു കൂടുന്നു. മരക്കയിൽ തോട്ടിൽ കെട്ടിയ കരിങ്കൽ ഭിത്തിക്കു സമീപത്താണ് മാലിന്യം വ്യാപിച്ചത്. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ, ചെരിപ്പ് അവശിഷ്ടങ്ങൾ തുടങ്ങിയ നദിയിൽ പരന്നു. ഫറോക്ക് പുതിയപാലം, പഴയപാലം, കരുവൻതിരുത്തി പാലം എന്നിവിടങ്ങളിൽ നിന്നു തള്ളുന്ന മാലിന്യമാണ് പുഴയോരത്ത് അടിയുന്നത്. വേലിയേറ്റത്തിൽ ഒഴുകി എത്തുന്ന മാലിന്യം വേലിയിറക്കത്തിൽ ഒഴുകിപ്പോകാതെ തീരത്ത് വ്യാപിക്കുകയാണ്.

നേരത്തേ ചെറുമാട്ടുമ്മൽ അങ്കണവാടി പരിസരത്ത് വ്യാപക തോതിൽ മാലിന്യം അടിഞ്ഞിരുന്നു. ഇതു ഗുരുതരമായ മലിനീകരണ പ്രശ്നം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നതോടെ നഗരസഭ ഇടപെട്ടാണു തോടിനു സമീപം കരിങ്കൽ ഭിത്തി കെട്ടിയത്. പുഴയിൽ കൂടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടി നീളുന്നത് പരിസരവാസികളിൽ ആശങ്ക സൃഷ്ടിച്ചു.

Leave A Reply