യാത്രക്കാരനു നേരെ അസഭ്യം, ഭീഷണി; ഓട്ടോ ഡ്രൈവറുടെ ലൈസൻസിന് സസ്പെൻഷൻ

കാക്കനാട്∙ യാത്രക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ആലിൻചുവട് സ്വദേശി എം.പി.ജോണിയുടെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് ജോയിന്റ് ആർടിഒ കെ.കെ.രാജീവ് സസ്പെൻഡ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല വാക്കുകൾ ചേർത്ത് അസഭ്യം പറയുകയും യാത്രക്കാരന്റെ തല അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

ഓട്ടോ ചാർജ് നൽകിയതിന്റെ ബാക്കി തുക തിരികെ നൽകുന്നതു സംബന്ധിച്ച തർക്കത്തിനിടയിലായിരുന്നു ഡ്രൈവറുടെ അസഭ്യ വർഷവും ഭീഷണയും. ഇതിന്റെ വിഡിയോ ദൃശ്യവും ജോയിന്റ് ആർടിഒ പരിശോധിച്ചു. ഡ്രൈവർ നൽകിയ വിശദീകരണം തള്ളിയാണ് ലൈസൻസിന് മൂന്നു മാസത്തെ സസ്പെൻഷൻ. ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

Leave A Reply