പീരുമേട് : ഒരു വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് പീരുമേട് താലൂക്ക് സഭ.
വണ്ടിപ്പെരിയാർ പച്ചക്കാനം-ഗവി റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ബസ് സർവീസ് നടത്തുന്നതിന് തടസ്സമായി ചെക്ക് പോസ്റ്റ് തുറന്നു കൊടുക്കാതിരുന്നതിനെതിരേയും, ബസ് സർവീസ് മുടക്കുകയും യാത്രാസൗകര്യം കുറവായ ഈ റൂട്ടിൽ വിദ്യാർഥികളുടെ സൗകര്യത്തിനുവേണ്ടി ആരംഭിച്ച ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ജിജോ ആറ്റോരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സഭയിൽ ചർച്ചനടക്കുകയും ചെയ്തു. തുടർന്നാണ് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ സഭ തീരുമാനിച്ചത്.
സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ഫോറസ്റ്റ് വകുപ്പിന് അധികാരമില്ല എന്നും നിലവിലുള്ള റോഡ് പൊതുമരാമത്തിന്റെ ആണെന്നും ബസ് സർവീസ് ആരംഭിക്കാൻ അനുമതി നൽകണമെന്നും താലൂക്ക് സഭായോഗം ആവശ്യപ്പെട്ടു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ സഭയിൽ അധ്യക്ഷനായി. പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, പഞ്ചായത്ത് പ്രസിഡൻറ്മാർ, സെക്രട്ടറിമാർ, വകുപ്പുതല മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സഭയിൽ പങ്കെടുത്തു.