ഡബിൾ എഞ്ചിൻ അല്ല, മഹാരാഷ്‌ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്‌ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എൻസിപി നേതാവ് അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന എംഎൽഎമാരും എൻഡിഎയിൽ പ്രവേശിച്ചതായി പ്രഖ്യാപിക്കുകയും മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏകനാഥ് ഷിൻഡെയുടെ പ്രതികരണം.ഇപ്പോൾ മഹാരാഷ്‌ട്രയ്‌ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്.

ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിനായി മാറി. മഹാരാഷ്‌ട്രയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ അജിത് പവാറിനെയും അദ്ദേഹത്തിന്റെ പക്ഷത്തെയും സ്വാഗതം ചെയ്യുകയാണ്. എൻസിപി നേതാവിന്റെ അനുഭവ സമ്പത്ത് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനപ്പെടുമെന്നും ഷിൻഡെ പ്രതികരിച്ചു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭയിൽ സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ മഹാരാഷ്‌ട്രയുടെ ഉന്നമനത്തിനായാണ് തങ്ങൾ ഒന്നുച്ചേർന്നിരിക്കുന്നത്. പ്രതിപക്ഷത്തിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4-5 സീറ്റുകളായിരുന്നു ലഭിച്ചതെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പോലും കിട്ടാൻ സാധ്യതയില്ലെന്നും ഏകനാഥ് ഷിൻഡെ വിമർശിച്ചു.

രാജ്ഭവന്റെ പുറത്ത് അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി എൻസിപി പ്രവർത്തകരും എത്തിയിരുന്നു. ”ഞങ്ങൾ അജിത് ദാദയ്‌ക്ക് ഒപ്പ”മുണ്ടെന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു എൻസിപി പ്രവർത്തകർ രാജ്ഭവന് പുറത്ത് കാത്തുനിന്നത്. പ്രധാന എൻസിപി നേതാക്കളായ ഛഗൻ ഭുജ്പാലും ധനഞ്ജയ് മുണ്ഡെയും ദിലീപ് വാൽസെ പാട്ടീലുമുൾപ്പെടെ അജിത് പവാറിന് പിന്തുണ പ്രഖ്യാപിക്കുകയും മന്ത്രിമാരായി സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply