കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചേമ്പില

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെ തന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ തളിരിലയ്ക്കാണ് ഏറെ പോഷക മൂല്യം.

ചേമ്പിന്റെ താളും വിത്തും കറിവയ്ക്കുമെങ്കിലും ഇലകള്‍ കളയുകയാണ് പതിവ്. എന്നാല്‍, ചേമ്പിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ നാം ഞെട്ടും. വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പില.

ഇതില്‍ വിറ്റാമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയയും അടങ്ങിയിരിക്കുന്നു. 35 കാലറിയും ഫൈബറുകളും ചെറിയതോതില്‍ കൊഴുപ്പുമാണ് ഒരു കപ്പ് ചേമ്പിലയില്‍ അടങ്ങിയിരിക്കുന്നത്.

ക്യാന്‍സറിനെ തടയാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും അകറ്റും. കാലറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

പൊട്ടാസ്യവും ആന്റി ഇന്‍ഫ്‌ലേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിക്കുന്നു. ഇതിലെ ജീവകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുവാനും നല്ലതാണ്.

ധാതുക്കള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമം ആണ്. ഇതിലെ ഭക്ഷ്യനാരുകള്‍ക്ക് ശരീരത്തിലെ ഇന്‍സുലിന്റെയും ഗ്ലൂക്കോസിന്റെയും അളവിനെ നിയന്ത്രിക്കാന്‍ കഴിയും. ജീവകം എ ധാരാളം അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Leave A Reply