ഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളുടെ ലാഭം 1.04 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. മുൻകാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്. പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 2014 സാമ്പത്തിക വർഷത്തിലെ 36,270 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 1.04 ലക്ഷം കോടിരൂപയായി ഉയർന്നു, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യവേയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം ബാങ്കുകൾ മികച്ച കോർപറേറ്റ് ഭരണ സമ്പ്രദായങ്ങൾ പിന്തുടരുകയും റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. വിവേക പൂർണമായ പണലഭ്യത മാനേജ്‌മെന്റ് ഉറപ്പാക്കേണ്ടതുണ്ട്. ആസ്തികൾ, റിസ്‌ക്ക് മാനേജ്‌മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ സംഭവിച്ചത് യുക്തിരഹിതമായ ഫോൺ ബാങ്കിംഗ് കാരണമാണെന്ന് മന്ത്രിപറഞ്ഞു. ഇതുവഴി യോഗ്യരല്ലാത്ത ഉപഭോക്താക്കൾക്ക് വായ്പ നൽകുകയും അവ നിഷ്‌ക്രിയ ആസ്തികളായി പരിണമിക്കുകയും ചെയ്തു. എന്നാൽ പിന്നീട് മോദി സർക്കാർ ആ സംവിധാനം പൊളിച്ചെഴുതിയെന്നും ധനമന്ത്രി പറഞ്ഞു.