തീക്കോയി : പഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രമായ മാർമല അരുവിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. വിനോദസഞ്ചാര വകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം വിഭാഗത്തിന്റെ 79.5 ലക്ഷവും ജില്ല പഞ്ചായത്ത് 10 ലക്ഷവും ഇതിനായി മുടക്കും.
പഞ്ചായത്തും ശുചിത്വമിഷനും ചേർന്ന് സഹായകേന്ദ്രം നിർമിക്കും. മാർമലയിൽ എത്തുന്ന സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അരുവി സന്ദർശനത്തിന് പ്രവേശന പാസ് ഏർപ്പെടുത്തും. സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്റർചെയ്ത് സുരക്ഷാ നിർദേശങ്ങൾ നൽകും. വാഹനങ്ങളുടെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തി ഫീസ് ഏർപ്പെടുത്തും
കൂടുതൽ മുന്നറിയിപ്പ് ബോർഡുകളും മാലിന്യനിർമാർജന സൗകര്യങ്ങളും ഒരുക്കും. സന്ദർശനസമയം രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ച് വരെയായി നിജപ്പെടുത്തും. സന്ദർശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സുരക്ഷാജീവനക്കാരെ നിയമിക്കും. മാർമല അരുവി സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
.