കുണ്ടന്നൂർ മേൽപ്പാലവും റോഡും ചേരുന്നിടത്തെ വിള്ളൽ വലുതായി

മരട് : കുണ്ടന്നൂർ മേൽപ്പാലത്തിൽ വീണ്ടും തകരാർ. അപ്രോച്ച് റോഡും പാലവും ചേരുന്നിടത്ത് കണ്ടെത്തിയ വിള്ളൽ കൂടിയതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. പാലം ഉദ്ഘാടനം ചെയ്ത് ഒരു വർഷമെത്തിയപ്പോൾ തന്നെ വിള്ളൽ കണ്ടെത്തിയിരുന്നു. പാലത്തിലേക്ക് ചേരുന്ന അപ്രോച്ച് റോഡ് താഴേക്കിരുന്നു പോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മഴ പെയ്തതോടെ ഇടിവ് കൂടി. ഈ ഭാഗത്തെ മണ്ണ് പരിശോധന നടത്തിയ ശേഷം തകരാർ പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

: കുണ്ടന്നൂർ മേൽപ്പാലം നിർമാണത്തിൽ ഉണ്ടായത് വൻവീഴ്ചയെന്ന് കെ. ബാബു എം.എൽ.എ. പാലവും അപ്രോച്ച് റോഡും സംരക്ഷണഭിത്തിയും താഴേക്ക് ഇരുന്നുപോവുകയാണ്. ഒരടിയോളം താഴ്ന്നു കഴിഞ്ഞു. ഇനിയും താഴാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ മണ്ണ് പരിശോധന നടത്തുന്നത്. നിർമാണത്തിന് മുൻപ് നടത്തേണ്ട പരിശോധനകൾ ആണ് ഇവയെല്ലാമെന്നും കൃത്യമായി മണ്ണ് പരിശോധന നടത്തി പൈലിങ് ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി ചെയ്യേണ്ട പ്രവർത്തികൾ ഇപ്പോൾ ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗൗരവമായ വീഴ്ചയാണെന്നും കെ. ബാബു പറഞ്ഞു. തകരാറിന്റെ കാരണം കരാർ കമ്പനി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും അപകടാവസ്ഥയിലായിരിക്കുന്നത് സംരക്ഷണഭിത്തിയാണ്. കിഴക്കു ഭാഗത്തേക്ക് കൂടുതൽ ചരിഞ്ഞുവരുന്നതിനാൽ മുകളിലൂടെ പോകുന്ന യാത്രക്കാർക്കും പാലത്തിന് താഴെ യാത്ര ചെയ്യുന്നവർക്കും ഒരുപോലെ തന്നെ അപകടം സൃഷ്ടിക്കും. ഡ്രൈനേജ് നിർമാണത്തിലെ അപാകവും ഈ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നുണ്ട്. മേൽപ്പാലത്തിന് താഴെയുള്ള റോഡ് തകർന്ന അവസ്ഥയിലാണ്. ഈ റോഡും താഴേക്ക് ഇരിക്കുന്നുണ്ട്.

 

Leave A Reply