ലക്ഷങ്ങൾ മുടക്കി ചന്ത നിർമിച്ചു;പക്ഷേ,കച്ചവടം പെരുവഴിയിൽ

 

കല്ലമ്പലം : ലക്ഷങ്ങൾ മുടക്കി നിർമിച്ച ചന്ത ആളൊഴിഞ്ഞുകിടക്കുന്നു, തിരക്കുപിടിച്ച റോഡരികിലാണ് കച്ചവടമെല്ലാം. കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ ചന്തയുടെ സ്ഥിതിയാണിത്. വഞ്ചിയൂരിലെ പാർക്കിനോടു ചേർന്നുള്ള വഴിയിലായിരുന്നു വർഷങ്ങൾക്കു മുൻപ്‌ ചന്ത പ്രവർത്തിച്ചിരുന്നത്. കാർഷികവിഭവങ്ങളും മലഞ്ചരക്കുമുൾപ്പെടെയുള്ളവ വിൽക്കാനും വാങ്ങാനുമായി ധാരാളമാളുകൾ ഇവിടെ എത്തുമായിരുന്നു.

ജില്ലയിലെ പ്രധാന മാംസവ്യാപാര കേന്ദ്രവുമായിരുന്നു വഞ്ചിയൂർ. ആട്ടിറച്ചിയും മാട്ടിറച്ചിയും ആവശ്യമുള്ളവർ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നു വഞ്ചിയൂരിലെത്തുമായിരുന്നു. രാവിലെ 8.30-നു തുടങ്ങുന്ന ചന്ത ഉച്ചവരെ നീളുന്നതായിരുന്നു പതിവ്. ചന്തയ്ക്ക് കൂടുതൽ സൗകര്യം വേണമെന്ന ആവശ്യമുയർന്നതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പുതുതായി സ്ഥലം കണ്ടെത്തുകയും അവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു2003 ഒക്ടോബർ 31-ന് ചന്തയുടെ ഉദ്ഘാടനവും നടന്നു. പിന്നീട് ചന്ത ഇവിടെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. ചന്തലേലം ഇനത്തിൽ പഞ്ചായത്തിന് വർഷാവർഷം രണ്ടുലക്ഷത്തിനുമേൽ വരുമാനവും ലഭിച്ചിരുന്നു. ചന്തയിൽ നിന്നുള്ള മാലിന്യം സംസ്‌കരിച്ച് മാലിന്യത്തിൽനിന്നും വെളിച്ചം പദ്ധതിയും ഇവിടെ നടപ്പാക്കിയിരുന്നു. എന്നാൽ, മറ്റു പല നാട്ടുചന്തകൾക്കുമുണ്ടായ ദുര്യോഗം ഈ ചന്തയെയും പിടികൂടി. മീനും പച്ചക്കറിയുമെല്ലാം വീട്ടുപടിക്കൽ ലഭ്യമാകാൻ തുടങ്ങിയതോടെ ആളുകൾ ചന്തയിലേക്ക്‌ എത്താതായി. ഇതു കച്ചവടത്തെ ബാധിച്ചതോടെ കച്ചവടക്കാർ ഈ ചന്തയെ കൈയൊഴിഞ്ഞു.

ആലംകോടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആധുനികരീതിയിലുള്ള മാംസവ്യാപാരകേന്ദ്രങ്ങൾ വന്നതോടെ മാംസക്കച്ചവടത്തിൽ വഞ്ചിയൂരിനുണ്ടായിരുന്ന കുത്തകയും ഇല്ലാതായി. ഇതോടെ കൊട്ടിഗ്‌ഘോഷിച്ച് നടപ്പാക്കിയ ‘മാലിന്യത്തിൽനിന്നു വെളിച്ചം’ പദ്ധതിയും നിലച്ചു. ഇപ്പോൾ രാവിലെ അരമണിക്കൂർനേരം ഈ ചന്തയിൽ ആളുകൂടും.

നാട്ടുകാരായ കർഷകർ അവരുടെ കാർഷികവിഭവങ്ങൾ ചിലപ്പോൾ കൊണ്ടുവരും. മീനാണ് ചന്തയിലെ പ്രധാന കച്ചവടം. കച്ചവടക്കാർ വാഹനങ്ങളിൽ മീനുമായി ചന്തയിലെത്തും കൂടിനിൽക്കുന്നവർക്കു വിൽക്കും. അപ്പോൾത്തന്നെ പോവുകയും ചെയ്യും.

മീനുമായെത്തുന്ന മത്സ്യത്തൊഴിലാളികൾ തുടർന്ന് രാത്രിയാവോളം പാർക്കിനു സമീപം റോഡരികിലിരുന്ന് കച്ചവടം ചെയ്യും. മരച്ചീനിയുൾപ്പെടെയുള്ള കാർഷികവിഭവങ്ങളുടെ വ്യാപാരവും റോഡരികിലാണ്. ഇത് റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും അപകടസാധ്യത ഉയർത്തുകയും ചെയ്യുന്നുണ്ട്. റോഡരികിലെ കച്ചവടം അവസാനിപ്പിക്കണമെന്നും ചന്ത പുനരുജ്ജീവിപ്പിക്കണമെന്നും നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Leave A Reply